സംസ്ഥാനത്ത് വേര് ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ നിന്നും തൃണമൂൽ കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുകയാണ്. പിളർപ്പിന് പിന്നാലെ അസംതൃപ്തരായ ഒരു വിഭാഗം ഐഎൻഎൽ നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് ചുവടു മാറ്റി. തൃണമൂൽ കോൺഗ്രസ് സംസ്ഥാന ആക്റ്റിംഗ് ചെയര്മാന് സലീം മാലിക്കിന്റെ നേതൃത്വത്തിലാണ് നിർണായക രാഷ്ട്രീയ നീക്കങ്ങൾ. ഭരണ പ്രതിപക്ഷ മുന്നണികളിൽ നിന്നായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിലേക്ക് എത്തുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
ദേശീയ രംഗത്ത് മൂന്നാം മുന്നണിക്ക് നായകത്വം വഹിച്ചു മുന്നേറുന്നതിനിടെയാണ് സംസ്ഥാനത്തും ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തി തൃണമൂൽ കോൺഗ്രസ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഭരണപക്ഷ മുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായ ഐ.എൻ.എല്ലിലുണ്ടായ വിഭാഗീയതക്ക് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. ഐഎനെൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെ മലപ്പുറം ജില്ലയിലെ ഒരു വിഭാഗം അസംതൃപ്തർ തൃണമൂൽ കോണ്‍ഗ്രസിന്റെ ഭാരവാഹിത്വങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ സംസ്ഥാന ആക്റ്റിംഗ് ചെയർമാൻ സലീം മാലിക്ക് ജനറൽ കണ്‍വീനര്‍ സി.ജി ഉണ്ണി എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഐ എൻ എൽ സംസ്ഥാന കമ്മിറ്റി അംഗവും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ പി.എസ് അൻവർ, വനിതാ വിഭാഗം നേതാവായിരുന്ന ഫൗസിയ ടീച്ചർ, പ്രവാസി വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മാള എന്നിവരാണ് ഈ കാലയളവിൽ തന്നെ തൃണമൂൽ കോൺഗ്രസിന്റെ നേതൃ പദ്ധവികളിലേക്ക് എത്തിയത്. ഇവർക്ക് പുറമെ പല സംസ്ഥാന ജില്ലാ ഭാരവാഹികളും തൃണമൂൽ കോൺഗ്രസ് യോഗങ്ങളിൽ പങ്കെടുക്കയും ചെയ്തു. വരും ദിവസങ്ങളിൽ ഐ എൻ എലിൽ നിന്നും അസംതൃപ്തരുടെ വലിയ ഒരു വിഭാഗം തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. എൻസിപി ജില്ലാ സെക്രട്ടറി പാർത്ത സാരഥി, വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പാർട്ടി ഭാരവാഹികൾ തുടങ്ങി തൃണമൂലിലേക്ക് ചേക്കേറിയവരും ഏറെയുണ്ട്. മുസ്ലിം ലീഗ് എംപി അബ്ദുൽ വഹാബിന്റെ സഹോദരനായ പിവി ഹംസ, ഐ എൻ. റ്റി.യു.സി നേതാവ് ബാബു കാരക്കുന്ന് എന്നിവരും ഈ പട്ടികയിലുണ്ട്. മാര്‍ച്ച് അവസാന വാരം നിലമ്പൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന നേതൃ കാമ്പിലേക്ക് ഇവരും എത്തിയേക്കും.
ഭരണ പ്രതിപക്ഷ പാർട്ടികളിൽ ഭിന്നിച്ചു നിൽക്കുന്നവരേയും അസംതൃപ്തരേയും പാളയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. അതിൽ തന്നെ എൻസിപി , സിപിഐ പാർട്ടികളിലെ പ്രാദേശിക നേതാക്കളുമായും പ്രവർത്തകരുമായും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. രാഷ്ട്രീയ നീക്കങ്ങൾ ഫലവത്താകുകയണങ്കിൽ മലപ്പുറം ജില്ലയിൽ അടക്കം ശക്തമായ ചുവടുകളോടെയാണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തും വേരുറപ്പിക്കുന്നത്