Wednesday, January 19, 2022
HomeKeralaഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്.

ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്.

മലപ്പുറം: എൽ.പി സ്കൂൾ അധ്യാപക നിയമനത്തിന് പി.എസ്.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഉടലെടുത്ത അസമത്വവും അസംതുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട്, മലപ്പുറം ജില്ലയിൽ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്. ഇതിൻറെ സൂചനയായി വെള്ളിയാഴ്ച വൈകുന്നേരം ആറിന് മലപ്പുറത്ത് പന്തംകൊളുത്തി പ്രതിഷേധറാലി സംഘടിപ്പിക്കും. അടുത്തയാഴ്ച ജില്ലാ പി.എസ്.സി ഓഫിസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. പി.എസ്.സി നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം പട്ടിക വിപുലീകരിക്കണമെന്നാണ് ആവശ്യം.  മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, മറ്റു മന്ത്രിമാർ,  ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തുടങ്ങിയവരെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിരുന്നതായും നടപടിയുണ്ടായില്ലെന്നും ഉദ്യോഗാർഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
592 ആണ് നിലവിൽ മലപ്പുറം ജില്ലയിൽ റിപോർട്ട് ചെയ്തിരിക്കുന്ന എൽ.പി.എസ്.ടി ഒഴിവുകൾ. മുൻ ലിസ്റ്റിൽ  188 ഒഴിവുകൾ മാത്രം റിപോർട്ട് ചെയ്തപ്പോൾ അഞ്ചിരട്ടിയിലധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി 983 പേരുടെ മുഖ്യപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. റിപോർട്ട് ചെയ്ത ഒഴിവിൻറെയോ (592) മുൻ റാങ്ക് പട്ടികയിൽ നിന്ന് നടത്തിയ നിയമന ശിപാർശകളുടെയോ  (1181), ഇതിൽ ഏതാണ് വലുതെങ്കിൽ അതിൻറെ മൂന്നിരട്ടി മുതൽ അഞ്ചിരട്ടിവരെ പേർ പട്ടികയിലുണ്ടാവണമെന്നാണ് മാനദണ്ഡം. നിലവിലെ മുഖ്യപട്ടികയിലുള്ളവരിൽ പലരും നിശ്ചിതയോഗ്യതയില്ലാത്തവരും യു.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. ഇവർ  ഒഴിവാകുന്നതോടെ പട്ടിക വീണ്ടും ചെറുതാവും.
മൂന്ന് കൊല്ലം വരെ കാലാവധി കിട്ടാറുള്ള റാങ്ക് ലിസ്റ്റ് രണ്ട് മാസത്തിനകം തീരാനാണ് സാധ്യതയെന്ന് ഉദ്യോഗാർഥികൾ പറയുന്നു. മറ്റു ചില ജില്ലകളിൽ റിപോർട്ട ചെയ്ത ഒഴിവിൻറെ 40 ഇരട്ടി പേരെ വരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 ആയിരുന്നു മലപ്പുറത്തെ കട്ടോഫ് മാർക്ക്. എന്നാൽ, ചില ജില്ലകളിൽ 26.5 മാർക്ക് നേടിയവർ വരെ മുഖ്യപട്ടികയിൽ ഇടംപിടിച്ചു. മാനദണ്ഡപ്രകാരം 3543 പേരെ റാങ്ക് ലിസ്റ്റിൽ  ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ അധ്യാപക ക്ഷാമം പരിഹരിക്കണമെന്നും സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ രേഖ രതീഷ്, ദിവ്യ ജിതേഷ്, ഷബീർ അൻസാരി എന്നിവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments