Wednesday, January 19, 2022
HomePradeshikamനിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കും:മന്ത്രി മുഹമ്മദ് റിയാസ്

നിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കും:മന്ത്രി മുഹമ്മദ് റിയാസ്

സമ്പന്നമായ നിളയുടെ സംസ്‌കാരത്തെയും നിളയുടെ തീരത്തെ സാഹിത്യ- സാംസ്‌കാരിക – ശാസ്ത്രയിടങ്ങളെയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ നിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിള പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മ്യൂസിയത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ ത്വരിതഗതിയില്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും മ്യൂസിയം തുറന്ന് നല്‍കുക. കോഴിക്കോട്- മലപ്പുറം – പാലക്കാട് ജില്ലകളിലായി നടപ്പാക്കുന്ന ലിറ്റററി സര്‍ക്യൂട്ട് പദ്ധതിയുടെ പ്രധാന ഭാഗം പൊന്നാനിയാണ്. പൊന്നാനിയുടെ സാഹിത്യ, സാംസ്‌ക്കാരിക, പൗരാണിക പ്രാധാന്യം പരമാവധി ഉപയോഗപ്പെടുത്തുന്ന ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി പദ്ധതിയുടെ വീഡിയോ പ്രദര്‍ശനവും കണ്ടു.

നിളാസംസ്‌കാരത്തെയും നിളയുടെ മടിത്തട്ടിലെ സാഹിത്യ -സംസ്‌കാരിക- ശാസ്ത്രയിടങ്ങളെയും
പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ഒരുക്കുന്നത്. ഉത്ഭവം തൊട്ട് കടലില്‍ ഒഴുകിയെത്തുന്നത് വരെയുള്ള നിള നദിയുടെ യാത്ര, നദീതട സാംസ്‌കാരിക അനുഭവങ്ങള്‍, നിളയുടെ തീരത്തെ നവോത്ഥാനവും ദേശീയ പ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയ മുന്നേറ്റം, ശാസ്ത്രം,
മിത്തുകള്‍, എല്ലാം ഒഴുകിയെത്തുന്ന പൊന്നാനി എന്നീ വിഭാഗങ്ങളിലാണ് മ്യൂസിയത്തിനുള്ളിലെ കാഴ്ച്ചകള്‍. പഴയ കാല പായ്കപ്പല്‍ മാതൃക സൃഷ്ടിച്ചാണ് ഖവ്വാലി കോര്‍ണര്‍ ഒരുക്കുന്നത്.

ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്‌കാരവും എഴുത്തച്ഛന്‍, സൈനുദ്ധീന്‍ മഖ്ദൂം, പൂന്താനം എന്നിവരുടെ സ്മരണയും ഇടശ്ശേരി, ഉറൂബ്, എം.ടി, എം ഗോവിന്ദന്‍, അക്കിത്തം കൂട്ടായ്മയുടെ പൊന്നാനി കളരിയും അതിന്റെ സാഹിത്യ സംഭാവനകളും മ്യൂസിയത്തിലെ കാഴ്ചകളാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിനെയും മ്യൂസിയത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, സാമൂതിരി, വാസ്‌കോഡ ഗാമ എന്നിവരുടെ വരവ്, നിളാതീരത്തെ മാധവജ്യോതിഷം, തിരുന്നാവായ മാമാങ്കം, സര്‍വോദയ മേള, നാവിക ബന്ധങ്ങള്‍, കടല്‍ പാട്ടുകള്‍, പൊന്നാനിയുടെ സംഗീത പാരമ്പര്യം തുടങ്ങിയ സമഗ്രമായ ചരിത്രവും സംസ്‌കാരവും ഇവിടെ അടയാളപ്പെടുത്തുകയാണ്. ഗവേഷണത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് മ്യൂസിയം ഒരുക്കുന്നത്. ഡിജിറ്റല്‍ വിവരണങ്ങളും, വീഡിയോ വിവരണങ്ങളും തലക്കെട്ടുകളോടും കൂടിയാണ് എല്ലാ കാഴ്ചകളും.

നേരത്തെ എം.എല്‍.എയായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിച്ചത്. രണ്ടേക്കറില്‍ 17,000ചതുരശ്ര അടിയില്‍ ഒരുക്കിയ മ്യൂസിയം ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുമാണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. അവസാനഘട്ട ലാന്റ് സ്‌കേപ്പിംഗ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് നാല് കോടി അനുവദിച്ച് ഭരണാനുമതിയായിരുന്നു. മന്ത്രിയോടൊപ്പം എം.എല്‍.എ പി.നന്ദകുമാര്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു

RELATED ARTICLES

Most Popular

Recent Comments