Friday, October 22, 2021

രണ്ടു മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് വാക്‌സിന്‍: മന്ത്രി വി.അബ്ദുറഹ്‌മാന്‍

Must Read

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ നിര്‍ദേശം

ജില്ലയില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി അഞ്ച് ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനുള്ള പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മാസത്തേക്ക് ലഭ്യമാക്കിയ അഞ്ച് ലക്ഷം വാക്സിന്‍ സ്റ്റോക്കില്‍ നിന്ന്  4,15,610 പേര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്.  ബാക്കിയുള്ള വാക്സീന്‍ രണ്ടു ദിവസങ്ങളിലായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.  കേരളത്തില്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കാനായി 90 ലക്ഷം വാക്സിനുകള്‍ പുതുതായി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയ്ക്ക് ആവശ്യമായ വാക്സിന്‍ ഇതില്‍ നിന്ന് കണ്ടെത്തും. പ്രവാസികള്‍ക്കും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോവാക്സിന്‍ എടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കോവിഷീല്‍ഡ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ജനകീയ പങ്കാളിത്തത്തോടെ ബോധവത്ക്കരണം നടത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും സ്വകാര്യ ആശുപത്രികളില്‍ ആന്റിജെന്‍ ടെസ്റ്റിന് പുറമെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കാനും മന്ത്രി നിര്‍ദേശിച്ചു.

കച്ചവടസ്ഥാപനങ്ങളും വിദ്യാലയങ്ങളും തുറക്കുന്നതിന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാന്‍ എല്ലാവരും പരമാവധി സഹകരിക്കണം. നല്ല നിലയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മുന്നോട്ടുപോകുന്നത്. പരാതികള്‍ക്കിടയില്ലാത്ത തരത്തില്‍ നടപടികള്‍ തുടരണം. രോഗപ്രതിരോധത്തിന് സ്വയം നിയന്ത്രണം പാലിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍  വൈകാതെ തന്നെ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കാനുള്ള സാഹചര്യമുണ്ടാകും.

എല്ലാവര്‍ക്കും ജലലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കണം. സാങ്കേതിക തടസങ്ങള്‍ പദ്ധതി നിര്‍വഹണത്തിന് തടസമാകരുതെന്നും മന്ത്രി പറഞ്ഞു. ജലജീവന്‍ മിഷന്റെ ഭാഗമായി 3.3 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ അടുത്ത വര്‍ഷം ജില്ലയില്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.  3,500 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിന്  ചെലവ് പ്രതീക്ഷിക്കുന്നത്. 2024 ഓടെ എല്ലാ വീടുകളിലേക്കും വാട്ടര്‍ കണക്ഷന്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി നിര്‍വഹണമാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ.യുഎ ലത്തീഫ്, എ.പി അനില്‍കുമാര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍,  മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസ്റുദ്ദീന്‍, ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റജില്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.പ്രസാദ്, തദ്ദേശ സ്വയഭരണ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This