Wednesday, January 19, 2022
HomeKeralaഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് 80,000 രൂപ; സൈബർസെൽ അന്വേഷിക്കും

ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് 80,000 രൂപ; സൈബർസെൽ അന്വേഷിക്കും

ഒറ്റപ്പാലം: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഓൺലൈൻവഴി പണംതട്ടിയ സംഭവം സൈബർസെൽ അന്വേഷിക്കും. നെല്ലിക്കുറിശ്ശി സ്വദേശിയായ വീട്ടമ്മയുടെ പൊതുമേഖലാബാങ്കിലെ സേവിങ്‌സ് അക്കൗണ്ടിൽനിന്ന്‌ മകൾക്കൊപ്പമുള്ള ജോയന്റ് അക്കൗണ്ടിൽനിന്നുമായി 80,000 രൂപ നഷ്ടമായ പരാതിയാണ് സൈബർസെൽ അന്വേഷിക്കുക.

മൊബൈലിലൂടെ പണം എളുപ്പത്തിൽ കൈമാറാനുള്ള ആപ്പുകളിലെ യു.പി.ഐ. നമ്പറുകൾ ഉപയോഗിച്ചാകാം തട്ടിപ്പ് നടത്തിയതെന്നാണ് സംശയം. കഴിഞ്ഞ ഏപ്രിൽ 18മുതൽ ജൂൺ18 വരെയുള്ള കാലയളവിലാണ് പണം നഷ്ടമായതെന്നാണ് വീട്ടമ്മയുടെ പരാതി. അക്കൗണ്ടിലുള്ള തുക അറിയുന്നതിനായി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായെന്ന് ഇവർ അറിയുന്നത്.
വിവിധ ഘട്ടങ്ങളിലായാണ് പണം നഷ്ടമായത്. പല അക്കൗണ്ടുകളിലേക്കായി ഒരേദിവസംതന്നെ പണം അനധികൃതമായി പിൻവലിക്കപ്പെട്ടിട്ടുണ്ട്.

ഭർത്താവിന്റെ സർവീസ് പെൻഷനും സ്ഥിരനിക്ഷേപത്തിന്റെ പലിശയുമെത്തുന്ന സേവിങ്‌സ് അക്കൗണ്ടിൽനിന്നാണ് കൂടുതൽപണം നഷ്ടമായിട്ടുള്ളത്. തന്റെ ഫോണിൽനിന്ന് എ.ടി.എം. ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും പണം പിൻവലിച്ചതിന്റെ സന്ദേശങ്ങളും വന്നിരുന്നില്ലെന്നും വീട്ടമ്മ പറയുന്നു. നേരത്തേ പോലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ്, കൂടുതൽ വിവരങ്ങളറിയുന്നതിനായി സൈബർസെല്ലിന്റെ സഹായവും തേടുന്നത്. ഒപ്പം ബാങ്കധികൃതരും പരാതിക്കാരിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments