Wednesday, January 19, 2022
HomePradeshikamനായ്‌ക്കൾ കടിയേറ്റു ചത്തനിലയിൽ; പുലിയെന്ന സംശയത്തിൽ കെണി സ്ഥാപിച്ചു

നായ്‌ക്കൾ കടിയേറ്റു ചത്തനിലയിൽ; പുലിയെന്ന സംശയത്തിൽ കെണി സ്ഥാപിച്ചു

പെരിന്തൽമണ്ണ:: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടു കാവൽ നായ്‌ക്കൾ ചത്ത നിലയിൽ. ഇതിൽ ഒരെണ്ണത്തിന്റെ മൃതദേഹം പാതിതിന്ന നിലയിലാണ്. നായ്‌ക്കളെ ആക്രമിച്ചത് പുലിയാകാമെന്ന സംശയത്തിൽ പ്രദേശത്ത് കെണി സ്ഥാപിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ജനവാസ കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരമുള്ള പ്രദേശത്ത് കെണി സ്ഥാപിച്ചത്. മണ്ണാർമല പള്ളിപ്പടി ചേരിങ്ങൽ പ്രദേശത്തെ വനം വകുപ്പ് ഓഫീസിനടുത്തുള്ള മലയിലാണ് ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾ പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു. വേറൊരു നായയെ ഇതേ പ്രദേശത്ത് മുറിവേറ്റു ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ഭക്ഷിച്ചിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മേയാൻവിടുന്ന പോത്തുകൾക്ക് കാവൽ നിൽക്കുന്ന നായ്‌ക്കളാണിവ. പാതി ഭക്ഷിച്ച നായയുടെ ബാക്കിഭാഗം രാത്രിയോടെ പ്രദേശത്ത് നിന്നു കാണാതായിട്ടുണ്ട്. വലിച്ചു കൊണ്ടു പോയതിന്റെ അടയാളമായി രക്തക്കറ കാണാനുണ്ടെന്ന് കെണി സ്ഥാപിക്കാൻ പോയവർ പറഞ്ഞു. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്ന് കൊണ്ടു വന്ന കെണിയാണ് വ്യാഴാഴ്ച രാത്രി വനം വകുപ്പ് അധികൃതർ, ആർ.ആർ.ടി. വൊളന്റിയർമാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മലമുകളിലെത്തിച്ചു സ്ഥാപിച്ചത്. വനം വകുപ്പ് അധികൃതർ, ജനപ്രതിനിധികൾ എന്നിവർ പ്രദേശം സന്ദർശിച്ചു.

RELATED ARTICLES

Most Popular

Recent Comments