Friday, October 22, 2021

മയക്കുമരുന്ന്​ നൽകി പീഡിപ്പിച്ച സംഭവത്തിൽ: രണ്ടുപേർ അറസ്റ്റിൽ

Must Read

കൂറ്റനാട്​ (പാലക്കാട്​): പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മേഴത്തൂർ സ്വദേശി അഭിലാഷും ചാത്തന്നൂർ സ്വദേശി നൗഫലുമാണ് അറസ്റ്റിലായത്. അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും നൗഫലിനെതിരെ പോക്സോയുമാണ് ചുമത്തിയത്. പ്രതികളെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് എന്ന ഉണ്ണിക്കായി അന്വേഷണം തുടരുകയാണ്​.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ച സംഭവത്തിൽ വന്‍ റാക്കറ്റുണ്ടെന്നാണ്​ സൂചന. പാലക്കാട് കറുകപുത്തൂരിലെ 19കാരിയുടെ മാതാവ് ഉന്നതര്‍ക്ക് നല്‍കിയ പരാതിയിലാണ് വലിയൊരു സംഘത്തിന്‍റെ പ്രവര്‍ത്തനമുള്ളതായി സൂചിപ്പിച്ചിട്ടുള്ളത്. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്ന് പറയുന്ന ഹോട്ടല്‍ മുറികളിലും മറ്റും ഇത്തരത്തിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ നിരവധിപേരുടെ സാന്നിധ്യം തെളിവായി അവർ നല്‍കിയിട്ടുണ്ട്.

പ്രദേശവാസികളായ രണ്ടുപേര്‍ മയക്കുമരുന്ന് കുട്ടിക്ക് നല്‍കിയ വിവരവും അവരുടെ വിലാസവും മാതാവ് പൊലീസിന് കൈമാറിയിരുന്നു. 2019 മുതൽ കുട്ടിയെ നിരവധി പേർ മയക്കുമരുന്നു നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മാതാവിന്‍റെ പരാതി. ഇവർ വാടകക്ക്​ താമസിക്കുമ്പോൾ കുടുംബ സുഹൃത്തായ മുഹമ്മദും, സുഹൃത്ത് നൗഫലും പെൺകുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

കൂടാതെ പെൺകുട്ടിക്ക് കഞ്ചാവും കൊക്കൈയ്ൻ, എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും നൽകി വശത്താക്കുകയും ചെയ്തു. പെൺകുട്ടിയെ ഇവർ ഉപദ്രവിക്കുന്നത് വീട്ടുകാർ അറിഞ്ഞതോടെ വാടക വീട്ടിൽ നിന്നും മറ്റൊരിടത്തേക്ക് മാറി. എന്നാൽ, പിന്നീട് പെൺകുട്ടിയുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ബന്ധമുണ്ടാക്കി.

ജോലി വാഗ്ദാനം നൽകി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുൾപ്പെടെയെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു. അഭിലാഷിന് ഒപ്പം മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അഭിലാഷിന്‍റെ കൂടെ പലതവണ പെൺകുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിന്‍റെയും പീഡനത്തിന്‍റെയും വിവരങ്ങൾ പുറത്തായത്.

പെൺകുട്ടിയുടെ മൊബൈൽ ഫോണിൽനിന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഫോട്ടോയുൾപ്പെടെ തെളിവുകൾ ലഭിച്ചിട്ടുണ്ട്​. തുടർച്ചയായി ലഹരിമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ കുട്ടി തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This